സീൻ 1
രംഗം>> ഒരു ഇടത്തരം ഫ്ലാറ്റ്/വീടിൻ്റെ ഹാൾ. 3-4 വയസ്സുള്ള, ഫ്രോക്ക് ധരിച്ച, ഒരു പെൺകുട്ടിയും 9-10 വയസ്സുള്ള, ട്രൗസറും ടീഷർട്ടും ഇട്ട, ഒരു ആൺകുട്ടിയും കൂടി ബഹളം വെച്ച് കളിക്കുന്നു. സ്നേഹത്തിൽ ആണ് കളി. ചേട്ടന് വല്യ കാര്യമാണ് അനിയത്തിയെ. നല്ലതു പോലെ കൊഞ്ചിക്കുന്നുമുണ്ട്.
അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം(ഉച്ചത്തിൽ): ഉണ്ണിക്കുട്ടാ, നീ അമ്മൂനേം കളിപ്പിച്ചോണ്ട് ഇരുന്നാൽ ഇന്നും നിൻ്റെ ബസ് പോകും കേട്ടോ. നേരം വൈകിയാൽ ടീച്ചർ ക്ലാസ്സിനു പുറത്ത് നിർത്തും. ഇന്ന് ഞാൻ വരില്ല നിന്നെ കൊണ്ട് വിടാൻ.
ഉണ്ണിക്കുട്ടൻ(ഉച്ചത്തിൽ തന്നെ): എന്നെ അച്ഛൻ കൊണ്ട് വിടുമല്ലോ
അമ്മ: അതേടാ അച്ഛന് പിന്നെ ഓഫീസിൽ ഒന്നും പോകാതെ നിന്നേം കൊണ്ട് നടന്നാൽ മതിയല്ലോ
അമ്മുക്കുട്ടി(കൊഞ്ചിക്കൊണ്ട്): ചേട്ട ഇന്ന് പോണ്ട... അമ്മൂൻ്റെ കൂടെ കളിച്ചാ മതി.
അകത്തെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന അച്ഛൻ(അമ്മുക്കുട്ടിയെ എടുത്തു കൊണ്ട്, വേഷം കാവിമുണ്ടും ഷർട്ടും, അല്പം കളിയായി സ്നേഹത്തിൽ): ഇന്ന് മുഴുവൻ അച്ഛനും അമ്മുക്കുട്ടിക്കും ഉണ്ണിക്കുട്ടനും കൂടി കളിക്കാം.
അമ്മ(ദേഷ്യത്തിൽ ഉള്ള പരിഭവം നിറഞ്ഞ ശബ്ദം): അതേ മൂന്നിനും കളിച്ച് നടന്നാൽ മതിയല്ലോ. നിങ്ങളാ രണ്ടിനേം കൊഞ്ചിച്ച് വഷളാക്കുന്നത്. വേണേൽ വല്ലതും തിന്നിട്ട് എങ്ങോട്ടേലും പോക്വോ കളിക്ക്യോ എന്താച്ചാ ആയിക്കോ. എനിക്കെന്താ...
അച്ഛൻ (മക്കളോടായി, പേടി അഭിനയിച്ചു കൊണ്ട്): അയ്യോ ദേ അമ്മ പിണങ്ങീന്നു തോന്നുന്നു. രണ്ടു പേരും പോയി അമ്മക്ക് ഒരു ഉമ്മയൊക്കെ കൊടുത്ത് സന്തോഷോപ്പിച്ചിട്ട് വാ. നമുക്ക് ചായ കുടിക്കാം.
കുട്ടികൾ രണ്ടും തലയാട്ടി അച്ഛൻ്റെ കവിളിൽ ഓരോ ഉമ്മ കൊടുത്തിട്ട് അടുക്കളയിലേക്ക് ഓടുന്നു.
Writing started on May 23, 2025 @ Ponnukkara