പാന്ഥർ
പാന്ഥർ
ജനശതാബ്ദിയുടെ വെയിറ്റിംഗ് ലിസ്റ്റ് confirm ആകാത്തത് കൊണ്ട് അന്നത്തെ തിരുവനന്തപുരം യാത്ര മറ്റൊരു ട്രെയിനിൽ ആക്കേണ്ടി വന്നു. ഏതോ ഒരു സ്പെഷ്യൽ ട്രെയിൻ, ജനറൽ എടുത്ത് 3rd AC യിൽ കയറി. TTR വരുമ്പോൾ convert ചെയ്യണം. ബോഗിയിൽ മൊത്തത്തിൽ വലിയ തിരക്കൊന്നും ഇല്ല, അവിടവിടെ കുറച്ച് പേരുണ്ട്. ബാഗ് മുകളിൽ വെച്ച് ഒരു ഒഴിഞ്ഞ side seat നിവർത്തി ഇട്ട് കാൽ നീട്ടി വെച്ച് ഞാൻ ഇരിപ്പുറപ്പിച്ചു. ബാഗിൽ നിന്ന് water bottle, headset ഒക്കെ as usual എടുത്ത് കയ്യിൽ വെച്ചിരുന്നു.
മൊബൈൽ എടുത്ത് പാട്ട് ഒക്കെ സെറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്, ആ കമ്പാർട്ടുമെൻ്റിൽ window സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. വേറെ ആരും ഇല്ല. പുറത്തേക്ക് നോക്കി ഇരിക്കുന്നു. ഇപ്പുറത്ത് ഒരാൾ വന്നതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഏകദേശം 25-30 വയസ്സ് പ്രായം തോന്നിക്കും. ചുരിദാർ ആണ് വേഷം, മുടിയൊക്കെ അലസമായി കെട്ടി ഇട്ടിട്ടുണ്ട്, ബാഗ് സൈഡിൽ തന്നെ ഇരിക്കുന്നുണ്ട്, കയ്യിൽ ഒരു വാട്ടർബോട്ടിൽ പിടിച്ചിട്ടുണ്ട്. പക്ഷേ ശ്രദ്ധ പോയത് ഇതിലൊന്നും അല്ല, ഈ ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെ ആണ് ആളുടെ ഇരിപ്പ്. എന്തെങ്കിലും ആവട്ടെ, പൊതുവേ AC യിലെ ബഹളക്കുറവിൻ്റെ കൂടെ ആള് കുറവായതിൻ്റെ ശാന്തത കൂടി ആയപ്പോ ഞാൻ ഹാപ്പി. പതുക്കെ headset വെച്ച് പാട്ട് വെച്ച് കണ്ണടച്ച് ഇരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞു കാണും, വെള്ളം കുടിക്കാൻ തോന്നിയപ്പോ ആണ് കണ്ണു തുറന്നത്. സ്പെഷ്യൽ ട്രെയിൻ ആയത് കൊണ്ട് ആവും എവിടെയോ പിടിച്ച് ഇട്ടിരിക്കുകയാണ്, തിരക്ക് ഇല്ലാത്തത് കൊണ്ടാണോ എന്തോ സാധാരണ ട്രെയിനിൽ വരുന്ന പോലെ, വെള്ളം-ചായ-വട എന്നൊന്നും പറഞ്ഞ് ഇതുവരെ ആരും വന്നിട്ടില്ല. അപ്പോഴാണ് ഇതിനകത്ത് വേറെ ഒരു കക്ഷി കൂടെ ഉണ്ടല്ലോ എന്ന് ആലോചിച്ചത്, നോക്കിയപ്പോ അതേ ഇരിപ്പ് തന്നെ, അനക്കം പോലും ഇല്ല. നമ്മുടെ ലോകത്തേക്ക് തിരികെ വന്നിട്ടും ഇല്ല. അപ്പൊ ആദ്യമായി ചായ ചായ എന്ന ശബ്ദം കേട്ടു. എന്നാ പിന്നെ ഒരു ചായ കുടിച്ചേക്കാം. ഒട്ടും അമാന്തിച്ചില്ല, ഒരെണ്ണം വാങ്ങി, tea bag ഞെക്കി പിഴിഞ്ഞ് extra കടുപ്പം ആക്കി അത് ആസ്വദിക്കാൻ ഒരു ശ്രമം നടത്തി. ട്രെയിനിലെ ചായ കുടിച്ചിട്ടുള്ളവർക്ക് അറിയാം, എല്ലാ ശ്രമങ്ങൾക്കും ഒരു പരിധി ഉണ്ട്!!
ചായ ആസ്വദിക്കാൻ നിവൃത്തി ഇല്ലാത്തത് കൊണ്ട് ശ്രദ്ധ വീണ്ടും ചുറ്റുപാടുകളിലേക്ക് ആയി. ആ കുട്ടിയെ നോക്കിയപ്പോൾ ചായ വന്നതും ഒരാൾ വാങ്ങിയതും എന്തിന് അങ്ങനെ ഒരാള് ഉള്ളത് പോലും അറിഞ്ഞ മട്ടില്ല. "ശെടാ ഇതെന്ത് ജന്തു?! ഇതിനെ ആരെങ്കിലും ഇവിടെ കൊണ്ട് വെച്ചിട്ട് പോയതാണോ!!". എന്തെങ്കിലും ആവട്ടെ, ചായയിലേക്കും പാട്ടിലേക്കും വീണ്ടും ശ്രദ്ധ തിരിച്ചു. പക്ഷേ അങ്ങനെ അല്ലല്ലോ, ചില കാഴ്ചകൾ മനസ്സിനെ ബാധിക്കും, പ്രത്യേകിച്ച് സ്ഥിരം കാണാത്ത കാഴ്ചകൾ. വീണ്ടും ആ കുട്ടിയെ നോക്കി. അനക്കം ഇപ്പോഴും ഇല്ല, പക്ഷേ കണ്ണ് നിറഞ്ഞ് രണ്ട് കവിളിലൂടെയും ഓരോ തുള്ളി ഒലിച്ച് ഇറങ്ങുന്നു. ഓക്കെ, അപ്പൊ അതാണ് കാര്യം. എന്തോ സംഭവിച്ച് അതിൻ്റെ വിഷമത്തിൽ ആണ് കക്ഷി. ഇതിപ്പോ വേറെ ആരും ഇവിടെ ഇല്ലാത്തത് കൊണ്ട് ആ തപസ്സ് ഞാൻ തന്നെ ഇളക്കാം എന്ന് വിചാരിച്ച് ഞാൻ പാട്ട് ഓഫ് ചെയ്തു. അപ്പുറത്തെ സീറ്റിൽ ആ കുട്ടിയുടെ എതിർ വശത്തേക്ക് മാറി ഇരുന്നു.
"ഹായ്" ... എവിടെ! അനക്കം ഇല്ല.
"ഹലോ"... ഇത്തവണ കുറച്ച് ഉച്ചത്തിൽ തന്നെ വിളിച്ചു. കണ്ണുകൾ അനങ്ങി, കക്ഷി നമ്മുടെ ലോകത്തേക്ക് മടങ്ങി വന്നു എന്ന് മനസ്സിലായി. മെല്ലെ കണ്ണുകൾ ഉയർത്തി എൻ്റെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടിയില്ല. ഞാൻ പിന്നെ ഒന്നും പറയാനും പോയില്ല. അവിടെ തന്നെ ഇരുന്നു. ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് കാണും. ബാഗിൽ നിന്ന് കർച്ചീഫ് എടുത്ത് കണ്ണൊക്കെ തുടച്ച് വീണ്ടും എൻ്റെ മുഖത്ത് നോക്കി, "Sorry, ഞാൻ..."... ഞാൻ ചിരിച്ചു. "താൻ പോയി മുഖം കഴുകി വരൂ". മിണ്ടാതെ എണീറ്റ് പോയി. 5-10 മിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വന്നു. അപ്പോഴേക്കും അങ്ങോട്ട് പോയ ചായക്കാരൻ തിരികെ വന്നു. ഞാൻ 2 ചായ പറഞ്ഞു. ഒരെണ്ണം ആ കുട്ടിക്ക് നീട്ടി. "ട്രെയിനിലെ ചായ ആണ്, വലിയ ഗുണമൊന്നും കാണില്ല, എങ്കിലും ചില സമയത്ത് കയ്യിൽ ഒരു ചായ ഉള്ളത് ഒരു ആശ്വാസം ആണ്." ഒന്നും മിണ്ടാതെ ആ ചായ വാങ്ങി മെല്ലെ കുടിച്ചു തുടങ്ങി. "എന്തു പറ്റി?" പ്രായവും രൂപവും പ്രവൃത്തിയും ഒക്കെ വെച്ച് വല്ലവനും തേച്ചിട്ട് പോയതായിരിക്കും എന്ന് മനസ്സിൽ തോന്നി എങ്കിലും ഒരാള് മുന്നിൽ ഇരുന്നു കരയുന്ന കണ്ടിട്ട് ഒന്നും ചോദിക്കാതെ ഇരിക്കുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ച് വെറുതെ ചോദിച്ചു.
"ഏയ്... വെറുതെ ഓരോന്ന് ഓർത്ത് ഇരുന്നു"... അങ്ങനെ ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങി. സംസാരവും. നമ്മൾ കരുതുന്നത് എപ്പോഴും ശരി ആവണം എന്നില്ല. മുൻവിധികളും ധാരണകളും ഒന്നും... നമ്മുടെ മുന്നിലിരിക്കുന്ന ആൾ ജീവിക്കുന്നത് നമുക്ക് പരിചയം ഉള്ള ഒരു ലോകത്ത് തന്നെ ആണോ എന്ന് പോലും ചിലരോട് സംസാരിക്കുമ്പോൾ നമുക്ക് തോന്നും.
പക്ഷേ ഞാൻ ഞെട്ടിയത് അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടല്ല. പറയുന്ന രീതി കണ്ടിട്ടാണ്. ജീവനുണ്ടോ എന്ന് പോലും കണ്ടപ്പോ സംശയിച്ച ഈ സാധനം, ആദ്യത്തെ വാക്ക് പറയാൻ 2-3 മിനിറ്റ് എടുത്തു. ഇതിപ്പോ കുപ്പിയിൽ നിന്ന് വന്ന ഭൂതം പണി എടുക്കുന്ന പോലെ സംസാരം നിർത്തുന്നില്ല. 'എനിക്കിത് എന്തിൻ്റെ കേടായിരുന്നു?' ഇന്നിനി പാട്ട് കേൾക്കാൻ പറ്റും എന്ന് തോന്നുന്നില്ല. 'ഈ റേഡിയോ ഓഫ് ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിക്കാൻ പോലും ഇതിനകത്ത് ഒരാളില്ലല്ലോ ദൈവമേ!!'
അമ്മു... അത് അവളുടെ പേരല്ല. വിളിപ്പേരാണ്. അങ്ങനെ വിളിച്ചാൽ മതി പോലും. ആവട്ടെ. ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത തീർത്തും അപരിചിതനായ ഒരു വ്യക്തിയോട് നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമോ. അതും സ്വന്തം കഥകൾ. എനിക്ക് കഴിയില്ല. അപരിചിതൻ പോകട്ടെ, ഏറ്റവും പരിചയം ഉള്ളവരോട് പോലും ചിലതൊന്നും പറയാൻ കഴിയില്ല. പക്ഷേ അമ്മു... അവൾ പറഞ്ഞു, പറഞ്ഞു കൊണ്ടേ ഇരുന്നു. ഇടക്ക് കണ്ണ് നിറയും, ഇടക്ക് ചിരിക്കും, ഇടക്ക് നിർത്തി എന്നെപ്പറ്റി ചോദിക്കും... പക്ഷെ ഉത്തരം മുഴുമിക്കും മുൻപ് തന്നെ വീണ്ടും അവൾ പറഞ്ഞു തുടങ്ങും. ഈ ലോകത്ത് അവളുടെ ഭാഷ മനസിലാകുന്ന ഒരേ ഒരാളെ ആദ്യമായി കണ്ടത് പോലെ, ഇനി ഒരിക്കലും മറ്റൊരാളെ കണ്ടില്ലെങ്കിലോ എന്ന പോലെ…
സമയം അങ്ങനെ പോയി... സംസാരവും, ...ട്രെയിനും. അങ്ങനെ കൊല്ലം എത്താറായി... ട്രെയിൻ slow ആയി. സംസാരവും... അവളുടെ കണ്ണുകൾ ഒരിക്കൽ കൂടെ നിറഞ്ഞു നിന്നു... "എനിക്ക് ഇറങ്ങാൻ സമയം ആയി. ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എന്തിനാ ഞാൻ ഇതൊക്കെ പറഞ്ഞത് എന്ന് ആലോചിക്കുന്നുണ്ടോ ഇപ്പോ?" എൻ്റെ മനസ്സ് വായിച്ചത് പോലെ അവൾ ചോദിച്ചു. ഞാൻ മിണ്ടിയില്ല. "എന്ത് പറഞ്ഞാലും മുൻവിധികൾ ഇല്ലാതെ കേൾക്കും എന്ന് ആദ്യമായി ഒരാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോ തോന്നിയത് ഇന്നാണ്." (Ehh... ആദ്യത്തെ ചോദ്യം തന്നെ ഇവൾ തേപ്പ് കിട്ടി ഇരിക്കുകയാണ് എന്ന മുൻവിധിയോട് കൂടി ചോദിച്ച ഈ ഞാനോ?!) "ഇനി അങ്ങനെ ഒരാളെ ഒരിക്കലും കണ്ടില്ലെങ്കിലോ!", ഞാൻ മിണ്ടിയില്ല.
"ഞാൻ ഒരു കാര്യം പറയട്ടെ?"... ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി (ഇത്രേം നേരം നീ ലൈസൻസ് ഇല്ലാതെ കുത്തും കോമയും ഒന്നും ഇല്ലാതെ ചിലച്ചിട്ട് ഇപ്പൊ ഒരു കാര്യം പറയാൻ ആണോ പെർമിഷൻ ചോദിക്കുന്നത്?!)... "ഞാൻ പറഞ്ഞ കഥയൊന്നും വേറെ ആരോടും പറയണ്ട." ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി ചെറുതായി ചിരിച്ചു. "ഞാൻ പറയില്ല, പക്ഷേ നീ എഴുതണം. നിൻ്റെ കഥയും നിനക്ക് ചുറ്റും ഉള്ള കഥയും."
അവൾ ഉത്തരം പറഞ്ഞില്ല. ബാഗ് സീറ്റിൻ്റെ അറ്റത്തേക്ക് നീക്കി വെച്ച് അമ്മു എഴുന്നേറ്റു. ഇത്രേം നേരം സംസാരിച്ചതല്ലേ, വാതിലിൻ്റെ അവിടെ വരെ പോയി യാത്ര ആക്കാം എന്ന് വിചാരിച്ച് ഞാനും എണീറ്റു. പെട്ടെന്ന് അവൾ എന്നെ കെട്ടിപ്പിടിച്ചു. സുഹൃത്തുക്കൾ തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിക്കലും അടി കൂടലും ഒക്കെ ഉണ്ടെങ്കിലും, ഇന്നാദ്യം ആയി കാണുന്ന ഒരാൾ, അതും ഒരു പെൺകുട്ടി, ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. അനങ്ങാതെ നിന്നു. എൻ്റെ ചെവിയിൽ അമ്മു അവൾക്ക് എന്നോട് പറയാനുള്ള അവസാനത്തെ ആ കാര്യം കൂടി പറഞ്ഞു...
"ഇന്ന് നമ്മൾ കണ്ടില്ലായിരുന്നു എങ്കിൽ, നാളെ ഞാൻ ഉണ്ടാവില്ലായിരുന്നു. Thank you. ഏട്ടൻ വാതിലിൻ്റെ അങ്ങോട്ട് വരണ്ട. ഏട്ടൻ നോക്കി നിന്നാൽ എനിക്ക് പോകാൻ കഴിയില്ല. പക്ഷേ എനിക്ക് പോകാതെ കഴിയില്ലല്ലോ." അതെ പോകാതെ കഴിയില്ല, സീറ്റിൽ നിന്നും ബാഗ് എടുത്ത് അവൾ പറഞ്ഞ കഥകളിലേക്ക് തിരിഞ്ഞു നോക്കാതെ അമ്മു നടന്നു. അവൾ കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ അനങ്ങിയില്ല. ട്രെയിൻ നിന്നു, വീണ്ടും നീങ്ങിത്തുടങ്ങി, അമ്മുവിൻ്റെ കഥകളിലേക്ക് അമ്മുവും എൻ്റെ കഥകളിലേക്ക് ഞാനും യാത്രയായി.
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരും പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയും
എത്രയും ചഞ്ചലമാലയ സംഗമം
Written on June 6, 2026 @ Ponnukkara
© ആസാദ്