ഒരു ലോക്ക്ഡൗണ് ചിത്രകഥ
ഒരു ലോക്ക്ഡൗണ് ചിത്രകഥ
രണ്ട് ദിവസമായി ചെക്കൻ കൊണ്ട് പിടിച്ച ചിത്രപ്പണി ആണ്. അമ്മയോട് പറഞ്ഞു ഫ്ലിപ്കാർട്ടിൽ നിന്നും വരുത്തിയ ഒരു ഫുൾ സെറ്റ് വാട്ടർ കളേഴ്സ്, പെയിൻ്റ് ബ്രഷ്, ചായം കലക്കുന്ന കുഴികൾ ഉള്ള പാത്രം, ഒരു പാക്ക് എ 4 ഷീറ്റ്. ഇത്രേം വെച്ച് ചെക്കൻ തകർക്കുവാണ്. എന്ത് കോപ്പെങ്കിലും ആവട്ടെ, അത്രേം നേരം മൊബൈൽ നോക്കില്ലല്ലോ എന്ന് വിചാരിച്ച് ആളാം വീതം എല്ലാരും കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നും ഉണ്ട്. 🤷🏻♂
"അച്ഛാ, ഇനി അച്ഛൻ ഒരെണ്ണം വരയ്ക്ക്", എല്ലാ കളറും ആവശ്യത്തിന് എടുത്ത് മെഴുകി ആവേശം ഒന്ന് തണുത്തപ്പോ ആശാൻ ബ്രഷ് എൻ്റെ നേരെ നീട്ടി!
"ഈ ഞാനോ?" ഉള്ളിൽ അങ്ങനെ ഒരു ചോദ്യത്തോടൊപ്പം കണ്ണ് രണ്ടും പുറത്തേക്ക് തള്ളി എങ്കിലും വീട്, പുഴ, അസ്തമയം കിളികൾ ഒക്കെ ഉള്ള ചിര പുരാതനമായ ആശയം മനസ്സിൽ വന്നത് കൊണ്ട് ഞാൻ ആയുധം ഏറ്റു വാങ്ങി. 😊 അഭ്യാസം തുടങ്ങുന്നതിനു മുമ്പ് മനസ്സുരുകി പ്രാർത്ഥിച്ചു, "വല്ല ആർട്ടിസ്റ്റ് നമ്പൂതിരിയോ രവിവർമ്മയോ ഒക്കെ ഉള്ളിൽ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുന്നുണ്ടെങ്കിൽ ഇന്നെങ്കിലും ഒന്നു എണീറ്റു വന്നാൽ നന്നായിരുന്നു, കുംഭകർണൻ പോലും ആറു മാസം കൂടുമ്പോ എണീക്കും, ഇതിപ്പോ പത്തു മുപ്പത് കൊല്ലം ആയില്ലേ 😩"
ഇന്നൽപ്പം വറൈറ്റി പിടിക്കാം, അവന് പറഞ്ഞു കൊടുത്ത ഒരു കഥയിലെ രംഗം തന്നെ ആയിക്കോട്ടെ. അതി മനോഹരമായ ആ ദൃശ്യം ഞാൻ മനസ്സിൽ നിന്നും കാൻവസിലേക്ക് ആവാഹിച്ചു 😇. സൃഷ്ടി കർമ്മം കഴിഞ്ഞ് എന്നെത്തന്നെ എഴുന്നേറ്റ് നിന്ന് തൊഴുത് ബഹുമാനിച്ചു. 🙏🏻 പടം അഭിമാനത്തോടെ കണ്ണന് കൈമാറി. ഹോ, അവൻ്റെ കഥയിലെ രംഗം കണ്ട് അവൻ തുള്ളിച്ചാടും, സൂപ്പർ അച്ഛാ എന്ന് പറയും 🤩
"സൂപ്പർ അച്ഛാ", പ്രതീക്ഷ തെറ്റിയില്ല, ആ ബാക്കി കൂടി പോരട്ടെ 😍
"പശ്ഷെ, ഈ ആടെന്താ പുല്ല് തിന്നാതെ തൊഴുത്തിൻ്റെ പുറത്ത് നിക്കണത്?"
ങ്ഹേ... ആടോ പുല്ലോ ഇവൻ ഇതേത് പടത്തിൻ്റെ കാര്യമാ ഈ പറയുന്നത്, ഇനി ലവളെങ്ങാനും ഇതിൻ്റെ ഇടക്ക് വേറെ വരച്ചു കൊടുത്തോ? 🙄
പടം ഒന്നും മാറിയിട്ടില്ലല്ലോ 🥴. "അത് ആടും പുല്ലും തൊഴുത്തും ഒന്നും അല്ല, മല, പച്ചപ്പ്, കുറുക്കന്മാർ 🤥"
"തേനീച്ച ഉള്ളത് കൊണ്ടാണോ അണ്ണാൻ താഴേക്ക് ചാടുന്നത് 🤔"
"ഏത് അണ്ണാനാടാ ഇത്രേം നീളത്തിൽ വാലുള്ളത് 😡😡😡, അത് കുരങ്ങൻ ആണ്, കാടല്ലേ, മരമല്ലേ, ചുമ്മാ തൂങ്ങി കിടക്കുന്നു 😏, മുന്തിരി ആണ് താഴോട്ട് തൂങ്ങി കിടക്കുന്നത്. മുന്തിരി കിട്ടാൻ വേണ്ടി ചാടിയ കുറുക്കൻ്റെ കഥ കേട്ടിട്ടില്ലേ? 🤦🏻♂🤦🏻♂🤦🏻♂"
"ഓഹ് അതാണല്ലെ, അച്ഛൻ ഉദ്ദേശിച്ചത്, കൊള്ളാം അച്ഛാ സൂപ്പർ 👌🏻"
🤔🤥🙄🥴
"സത്യം, സൂപ്പർ, അടിപൊളി", മകൻ്റെ അമ്മ 😐
(അപമാനിച്ച് മതിയായെങ്കിൽ രണ്ടും ഒന്ന് ഇറങ്ങി പോകാവോ! - ഇത് ആത്മഗതം, മൊത്തത്തിൽ സമയം ഒന്നും ശെരിയല്ല, എന്തിനാ വെറുതെ😐) സഗൗരവം: "എനിക്ക് വർക്ക് ഫ്രം ഹോം ഉണ്ടെന്ന് അറിഞ്ഞൂടെ, ഇനി ഇന്ന് ശല്യപ്പെടുത്തരുത്" 🤷🏻♂
"ആ, അറിയുന്ന പണി എടുത്താ പോരെ" പുറത്തേക്ക് പോകുന്ന കൂട്ടത്തിൽ ഒരു ആത്മഗതം അല്പം ഉച്ചത്തിൽ 🤭
===========
Written during Covid Lockdown Season, based on own experience.