Nammal
Nammal
Malayalam
നമ്മൾ
°°°°°°°°°°
ഇന്നു വീണ്ടുമെൻ മനസ്സിലെ തംബുരു
തന്തികൾ നീ മെല്ലെ മീട്ടിയെന്നോ
ശോകനീഡത്തിൽ നിദ്രയിലാണ്ടൊരെൻ
ശാരിക ചിറകു വിടർത്തിയെന്നോ
ആർദ്രമെൻ മനമിന്നു വീണ്ടും
അനുരാഗപല്ലവി മൂളിയെന്നോ
ശുഷ്കമെൻ മനവല്ലിയിൽ ഇന്നൊരു
മോഹമുകുളം മൊട്ടിട്ടുവെന്നോ
ഊഷര ഭൂമിയിൽ ആദ്യ വർഷത്തിൻ്റെ
തപ്തനിശ്വാസം ഉയർന്നുവെന്നോ
മേഘജാലങ്ങൾക്കിടയിൽ രജതമാം
സൂര്യരശ്മി തെളിഞ്ഞുവെന്നോ
ഇരുൾ നിറഞ്ഞൊരെൻ കല്ലറ തന്നുടെ
ജാലകം നീ തുറന്നുവെന്നോ
മൂകമെന്നും വിതുമ്പുന്നൊരെൻ മനം
മോദഗീതകം പാടിയെന്നോ
കാലമെത്ര കഴിഞ്ഞിട്ടും നമ്മളി-
ന്നീ മരച്ചോട്ടിൽ വന്നുവെന്നോ
തമ്മിലോതുവാനൊന്നുമില്ലെങ്കിലും
നമ്മെ നമ്മളറിഞ്ഞുവെന്നോ!
Written on September 21, 2026 @ Ponnukkara
English
--Will be updated--
Written on September 21, 2026 @ Ponnukkara